സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനാ രൂപീകരണത്തിന്റെയും ചരിത്ര ഏടുകള്‍ പരിശോധിക്കുമ്പോള്‍ അതിലെ പ്രധാന സ്മാരകമാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കൊളോണിയലിസത്തിന്റെ അടിമത്തത്തില്‍നിന്ന് മോചിതരായി സ്വയംഭരണാധികാര റിപ്പബ്ലിക്കായി മാറിയതിന് 98 അടി വ്യാസമുള്ള അഷ്ടഭുജാകൃതിയിലുള്ള സൗധം സാക്ഷിയായി. പഴയ പാര്‍ലമെന്റിന്റെ ഒരു ഭാഗമെന്നു പറഞ്ഞ് ഇന്ത്യാചരിത്രത്തില്‍നിന്ന് സെന്‍ട്രല്‍ ഹാളിനെ മാറ്റി നിര്‍ത്താനാവില്ല.
പൗരാണിക സ്മാരകങ്ങളേറെയുള്ള ഡല്‍ഹിയില്‍ ഒരു നൂറ്റാണ്ട് മാത്രം പഴക്കമുള്ള ഒന്നാണെങ്കിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഇടമാണ് സെന്‍ട്രല്‍ ഹാള്‍. ഭരണഘടനയുടെ നിര്‍മാണം, സ്വാതന്ത്ര്യകൈമാറ്റം എന്നിവയ്ക്കെല്ലാം സാക്ഷ്യം വഹിച്ച ഹാൾ ആധുനിക ഇന്ത്യയുടെ ഭാഗധേയം എഴുതിച്ചേര്‍ക്കപ്പെട്ട പവിത്രമായ വേദിയാണ്. സ്വാതന്ത്ര്യപ്പുലരി ഭാരതമണ്ണിനെ പുല്കിയ നിമിഷം പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു തന്റെ വിഖ്യാതമായ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ (വിധിയുമായുള്ള കൂടിക്കാഴ്ച) പ്രസംഗത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തതിന് സെന്‍ട്രല്‍ ഹാള്‍ സാക്ഷിയായി.
ലൈബ്രറിയില്‍നിന്നു സെന്‍ട്രല്‍ ഹാളിലേക്ക്
1911ലാണ് ഇന്ത്യയുടെ തലസ്ഥാനം കോല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്ക് മാറ്റാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തീരുമാനിച്ചത്. രാഷ്്ട്രീയം, ഭരണപരം, ഭൂമിശാസ്ത്രം തുടങ്ങി വിവിധ കാരണങ്ങളായിരുന്നു അതിനു പിന്നില്‍. ഇതോടെ അധികാര കേന്ദ്രങ്ങളേറെയും ഡല്‍ഹിയിലേക്ക് ചേക്കേറിത്തുടങ്ങി. ഡല്‍ഹി തലസ്ഥാന നഗരമാക്കാനുള്ള തീരുമാനം പാര്‍ലമെന്റ് മന്ദിരനിര്മാണത്തിലേക്കു വഴിതുറന്നു. വിഖ്യാത ബ്രിട്ടീഷ് വാസ്തുശില്പികളായിരുന്ന സര് എഡ്വിന് ലുട്ട്യന്‍സും സര് ഹെര്‍ബര്‍ട്ട് ബേക്കറും ചേര്‍ന്നായിരുന്നു നിര്‍മാണം.
പഴയ ഡല്‍ഹിയെ ന്യൂ ഡല്‍ഹിയാക്കി മാറ്റിയതില്‍ ഈ ശില്പ്പികളുടെ പങ്ക് വലുതാണ്. 1921 ഫെബ്രുവരി 12ന് പാര്‍ലമെന്റ് മന്ദിരത്തിനു തറക്കല്ലിട്ടു. ഡ്യൂക്ക് ഓഫ് കൊനോട്ട് എന്നറിയപ്പെട്ടിരുന്ന ആര്‍തര്‍ രാജകുമാരനായിരുന്നു തറക്കല്ലിടല്‍ നിര്‍വഹിച്ചത്. ആറ് വര്‍ഷത്തോളമെടുത്ത നിര്‍മാണം പൂര്‍ത്തിയാക്കി 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയിയും ഗവര്‍ണര്‍ ജനറലുമായിരുന്ന ഇര്വിന് പ്രഭു ഉദ്ഘാടനം നിര്‍വഹിച്ചു. അക്കാലത്ത് 83 ലക്ഷം രൂപയായിരുന്നു നിര്‍മാണ ചെലവ്.
മന്ദിരത്തിന്റെ മധ്യഭാഗത്തെ വലിയ വൃത്താകൃതിയിലുള്ള ഹാളാണ് സെന്‍ട്രല്‍ ഹാള്‍. തുടക്കത്തിൽ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയുടെയും കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സിന്റെയും സംയുക്ത ലൈബ്രറിയായാണ് സെന്‍ട്രല്‍ ഹാള്‍ ഉപയോഗിച്ചിരുന്നത്. 1946ല്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭ രൂപീകരിച്ചപ്പോള്‍ പ്രതിനിധികള്‍ക്ക് ഒരുമിച്ചിരിക്കാന്‍ അനുയോജ്യമായ ഇടം ഇല്ലാതിരുന്നതിനാല്‍ ലൈബ്രറി ഹാളിനെ ഭരണഘടനാ സഭയുടെ ആസ്ഥാനമാക്കി മാറ്റുകയായിരുന്നു. പിന്നീട് സെന്‍ട്രല്‍ ഹാളായി പരിണമിച്ചു. ഇതോടെ സ്വാതന്ത്ര ഇന്ത്യയുടെ പിറവിക്ക് മുമ്പുള്ള പല അസുലഭ മുഹൂര്‍ത്തങ്ങള്‍ക്കും ഇത് വേദിയായി.
സെന്‍ട്രല്‍ ഹാളില്‍ ഏതൊരാളെയും വിസ്മയിപ്പിക്കുന്ന കലാസൃഷ്ടികളുണ്ട്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും രാഷ്ട്രശില്‍പ്പികളെയും ഓര്‍മിപ്പിക്കുന്ന 24 ഓയില്‍ ചിത്രങ്ങള്‍ ഹാളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കരകൗശലസൃഷ്ടികളും ശില്പങ്ങളും ഉള്‍വശം മനോഹരമാക്കുന്നു. സെന്‍ട്രല്‍ ഹാള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത് പ്രധാനമായി മൂന്ന് സംഭവവികാസങ്ങളിലൂടെയാണ്.
ഭരണഘടനയുടെ പിറവി
1946 ഡിസംബര്‍ ഒമ്പതിന് ഡോ.സച്ചിദാനന്ദ സിന്‍ഹയുടെ താത്ക്കാലിക അധ്യക്ഷതയില്‍ ഭരണഘടനാ നിര്‍മാണ സഭയുടെ ആദ്യയോഗം സെന്‍ട്രല്‍ ഹാളിലാണ് ചേര്‍ന്നത്. തുടര്‍ന്ന് ഡോ. രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയിലും ഡോ. ബി.ആര്. അംബേദ്കറുടെ നേതൃത്വത്തിലും ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും ഭരണഘടനാ നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷവും 11 മാസവും 18 ദിവസവും ദീര്‍ഘിച്ച തീവ്രസംവാദങ്ങള് നടന്നതും ഈ ഹാളിലാണ്. 1949 നവംബര്‍ 26ന് ഭരണഘടന അംഗീകരിച്ചതും ഇവിടെത്തന്നെ.
സ്വാതന്ത്ര്യ കൈമാറ്റം
കൊളോണിയലിസത്തിന് അന്ത്യം കുറിച്ച് ബ്രിട്ടീഷ് പതാക താഴ്ത്തി ഇന്ത്യയുടെ ത്രിവര്‍ണപതാക പാറിച്ചതും വൈസ്രോയ് ലോര്‍ഡ് മൗണ്ട്ബാറ്റണില്‍നിന്ന് അധികാരകൈമാറ്റം നടന്നതിനും ഈ ഹാളിന്റെ ചുവരുകള്‍ സാക്ഷിയാണ്.
സംയുക്ത സമ്മേളനങ്ങള്‍
സ്വതന്ത്ര ഇന്ത്യയില്‍ ലോക്സഭയും രാജ്യസഭയും ഒന്നിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക് വേദിയായത് സെന്‍ട്രല്‍ ഹാളാണ്. സര്‍ക്കാരിന്റെ ഓരോ വര്‍ഷത്തെയും ആദ്യ സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി നടത്തുന്ന നയപ്രഖ്യാപന പ്രസംഗങ്ങളും ഇവിടെയായിരുന്നു. വിവിധ രാഷ്ട്രപതിമാര്‍ 86 തവണ സെന്‍ട്രല്‍ ഹാളില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. 41 രാഷ്ട്ര തലവന്മാര് ഇവിടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റുമാരായ ഡൈ്വറ്റ് ഐസന്‍ഹോവര്‍, റിച്ചാര്‍ഡ് നിക്സണ്, ബില്‍ ക്ലിന്റണ്, ബരാക് ഒബാമ തുടങ്ങിയവര്‍ ഇവരില്‍ പ്രധാനികളാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം വന്നതോടെ സംയുക്തസമ്മേളനങ്ങള്‍ പുതിയ കെട്ടിടത്തിലെ ലോക്സഭാ ഹാളിലാണ് നടക്കുന്നത്.
സൗഹൃദ സംഭാഷണ വേദി
കക്ഷി രാഷ്്ട്രീയത്തിനപ്പുറം മറ്റൊരു പ്രാധാന്യംകൂടി സെന്‍ട്രല്‍ ഹാളിനുണ്ടായിരുന്നു. ജനപ്രതിനിധികളുടെ സൗഹൃദ സംഭാഷണ വേദി കൂടിയായിരുന്നു ഇവിടം. പാര്‍ലമെന്റില്‍ ഉടലെടുക്കാറുള്ള അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും സൗഹാര്‍ദപരമായി പരിഹരിക്കാനുള്ള നിഷ്പക്ഷ ഇടമായിരുന്ന സെന്‍ട്രല്‍ ഹാള്‍. ഏഴു പതിറ്റാണ്ടോളം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കള്‍ അനൗദ്യോഗികമായി കണ്ടുമുട്ടുന്ന വേദിയായുമായിരുന്നു. മന്ത്രിമാരും ഭരണപ്രതിപക്ഷ എംപിമാരും മാധ്യമപ്രവര്‍ത്തകരും ഹാളിൽ സമ്മേളിച്ചു.
പ്രധാന വാര്‍ത്തകളും അറിയിപ്പുകളും പങ്കുവയ്ക്കുന്ന പ്രസ് ഗാലറി കൂടിയായിരുന്നു സെന്‍ട്രല്‍ ഹാള്‍. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അധികാര കേന്ദ്രം കുടിയേറിയപ്പോള്‍ ഇന്ത്യക്ക് മാത്രമുണ്ടായിരുന്ന സവിശേഷത നഷ്ടമായി. പരസ്പര സൗഹൃദ സംഭാഷണത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഒരു വേദിയില്ല.
പുതിയ ചുവടുവയ്പ്
2023 സെപ്റ്റംബറില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുകയും സഭാനടപടികള്‍ അവിടേക്ക് മാറ്റുുകയും ചെയ്തു. 2023 സെപ്റ്റംബര്‍ 19ന് പഴയ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന അവസാന വിശേഷാൽ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മന്ദിരത്തെ സംവിധാന്‍ സദന് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ നിര്‍ദേശിച്ചു.
പാര്‍ലമെന്റ് നടപടികള്‍ പുതിയ മന്ദിരത്തിലേക്ക് മാറ്റിയെങ്കിലും സംവിധാന്‍ സദന് എന്ന പേരില്‍ പഴയ പാര്‍ലമെന്റ് മന്ദിരവും സെന്‍ട്രല്‍ ഹാളും ചരിത്രസ്മാരകമായി നിലകൊള്ളുന്നു. പല നിര്‍ണായക ഓഫീസുകള്‍ ഇപ്പോഴും അവിടെ പ്രവര്‍ത്തിക്കുന്നണ്ടെങ്കിലും ചുരുക്കം ഔദ്യോഗിക പരിപാടികള്‍ക്ക് മാത്രമാണ് ഹാള്‍ ഉപയോഗിക്കുന്നത്. ഭാരതം എന്ന മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഉദയത്തിനും വളര്‍ച്ചയ്ക്കും സാക്ഷ്യംവഹിച്ച സൗധം വരും തലമുറകള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മനോഹരമായ ഓര്‍മപ്പെടുത്തലായി നിലകൊള്ളും.